മാള: പഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യമാർക്കറ്റിനു സമീപത്തെ പാർക്കിംഗ് ഭാഗം കെട്ടി അടയ്ക്കാനുള്ള ശ്രമം വാക്കേറ്റത്തിലും തർക്കത്തിലും കൈയാങ്കളിയിലും അറസ്റ്റിലുമെത്തി.
ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയെ കോൺഗ്രസ് അംഗങ്ങൾ തടയാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിലും ബഹളത്തിലുമെത്തിച്ചത്. സംഭവങ്ങളെതുടർന്ന് കോൺഗ്രസ് ജനപ്രതിനിധികളായ ജിയോ കൊടിയൻ, ടി.വി. യദുകൃഷ്ണ എന്നിവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇരുമ്പുകൊത്തികൊണ്ട് ജിയോ കൊടിയനെ സിപിഐ പ്രവർത്തകൻ ബൈജു മണ്ണാന്തറ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മാള മത്സ്യമാർക്കറ്റിനു സമീപമുള്ള ഭൂമിയിലെ അനധികൃത വാഹന പാർക്കിംഗും ആളുകൾ പ്രവേശിക്കുന്നതും തടയാനായി കമ്പിവേലി കെട്ടുന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. മേയ് മാസത്തിൽ ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ഇതനുസരിച്ചാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ താത്കാലിക കമ്പിവേലി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയത്.
എന്നാൽ, മത്സ്യമാർക്കറ്റിനും പച്ചക്കറിമാർക്കറ്റിനുമായുള്ള പാർക്കിംഗ് ഭാഗം ജനങ്ങൾ ഉപയോഗിച്ചു വന്നിരുന്നത് ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നു കോൺഗ്രസ് ആരോപിക്കുന്നു.